Kerala Cooperator

ടൂര്‍ഫെഡിന് ഒമ്പത് അധിക തസ്തിക അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി  

സംസ്ഥാന സഹകരണ ടൂറിസം ഫെഡറേഷന് (ടൂര്‍ഫെഡ്) ഒമ്പത് അധിക തസ്തിക അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. എല്ലാ സഹകരണ അപ്പക്‌സ് ഫെഡറേഷനുകളുടെയും നിയമനം പി.എസ്.സി.ക്ക് വിട്ടിട്ടുണ്ടെങ്കിലും ടൂര്‍ഫെഡില്‍ ഇതുവരെ അത് നടപ്പായിട്ടില്ല. പുതിയ തസ്തികകള്‍ പി.എസ്.സി. വഴിയാണോ നിയമനമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല.

അക്കൗണ്ടന്റ്, ടൂര്‍ കോ-ഓര്‍ഡിനേറ്റര്‍, ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്, ഡ്രൈവര്‍, പാര്‍ട്ട് ടൈം സ്വീപ്പര്‍ എന്നിങ്ങനെ ഓരോ തസ്തികയാണ് പുതുതായി അനുവദിച്ചിട്ടുള്ളത്.  അസിസ്റ്റന്റ് ടൂര്‍ കോ-ഓര്‍ഡിനേറ്റര്‍, മാര്‍ക്കറ്റിങ് അസിസ്റ്റന്റ്, പ്യൂണ്‍-അറ്റന്റര്‍ എന്നിവയുടെ രണ്ടുവീതം തസ്തികള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്.
ടൂര്‍ഫെഡിന്റെ ദൈനം ദിന പ്രവര്‍ത്തനങ്ങള്‍  സുഗമമായി മുന്നോട്ടുപോകുന്നതിനാണ് അധിക തസ്തികകള്‍ അനുവദിക്കുന്നതെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. പുതിയ തസ്തിക സൃഷ്ടിക്കമെന്ന് ശുപാര്‍ശ ഫെഡറേഷന്‍ ഭരണസമിതിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സഹകരണ സംഘം രജിസ്ട്രാര്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. ഇത് സര്‍ക്കാര്‍ അംഗീകരിച്ചു.

ഓരോ തസ്തികയ്ക്കുള്ള യോഗ്യതയും ശമ്പള സ്‌കെയിലും ഉത്തരവിനൊപ്പം ചേര്‍ത്തിട്ടുണ്ട്. അക്കൗണ്ടന്റ് തസ്തികയ്ക്ക് പോലും സഹകരണം പഠിക്കണമെന്ന വ്യവസ്ഥയില്ല. കേരളബാങ്കിലെ നിയമനങ്ങളിലും സഹകരണം പഠിച്ചവര്‍ക്കുള്ള അവസരം കുറച്ചിരുന്നു. സഹകരണ മേഖലയിലെ നിയമനത്തില്‍നിന്ന് സഹകരണ പഠനത്തിനുള്ള പ്രാധാന്യം കുറയുന്നുവെന്ന വിമര്‍ശനം ശക്തമാണ്. പുതിയ തസ്തികയില്‍ നിയമിതരാകുന്ന ജീവനക്കാരുടെ പ്രായപരിധി സഹകരണ സംഘം നിയമത്തിലെ ചട്ടങ്ങള്‍ക്ക് വിധേയമായിരിക്കും. ഈ ജീവനക്കാര്‍ക്ക് പ്രാഥമിക സഹകരണ സംഘം ജീവനക്കാര്‍ക്ക് അനുവദിക്കുന്ന അതേ നിരക്കിലായിരിക്കും ക്ഷാമബത്തയ്ക്ക് അര്‍ഹതയുണ്ടാകുക.

Related posts

മട്ടന്നൂരിന്റെ മേളപ്പെരുക്കത്തോടെ ഇന്ന് സഹകരണ എക്‌സ്‌പോയ്ക്ക് തിരിതെളിയും

Kerala Cooperator

അര്‍ബുദ രോഗിയുടെ വായ്പാ കുടിശ്ശിക കേരളബാങ്ക് ജീവനക്കാര്‍ തിരിച്ചടച്ചു

Kerala Cooperator

ഗൃഹോപകരണങ്ങളുടെ ഓൺലൈൻ വിൽപ്പനയുമായി കൺസ്യുമർ ഫെഡ്

Kerala Cooperator
error: Content is protected !!