Kerala Cooperator

കേരള പാല്‍ ഇനി ‘പൊടി’യാകും; നിര്‍മ്മാണ യൂണിറ്റ് ഈ വര്‍ഷം

പാലുല്‍പാദനം കൂടിയതോടെ പാല്‍പ്പൊടി നിര്‍മ്മാണ യൂണിറ്റ് വേഗത്തില്‍ തുടങ്ങാന്‍ സര്‍ക്കാര്‍ തീരുമാനം. ലോക്ഡൗണ്‍ കാരണം പാല്‍വില്‍പനയ്ക്കും സംഭരണത്തിന് തടസ്സം നേരിട്ടത് ക്ഷീരകര്‍ഷകരെ പ്രതിസന്ധിയിലാക്കിയിരുന്നു. സംഭരിക്കുന്ന പാല്‍ പൊടിയാക്കി മാറ്റാന്‍ മില്‍മയ്ക്ക് തമിഴ്‌നാടിനെ ആശ്രയിക്കേണ്ട സ്ഥിതിയുണ്ട്. ഇതിന് പരിഹാരമായി മലപ്പുറം ജില്ലയില്‍ പാല്‍പ്പൊടി നിര്‍മ്മാണ യൂണിറ്റ് തുടങ്ങാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇതിന് വേഗം കൂട്ടാനും ഈ വര്‍ഷം തന്നെ ഉല്‍പാദനം തുടങ്ങുന്ന രീതിയില്‍ പൂര്‍ത്തിയാക്കാനുമാണ് തീരുമാനം.

മലപ്പുറത്തെ മൂര്‍ക്കനാടാണ് 55 കോടിയുടെ പുതിയ പ്ലാന്റ് നിര്‍മ്മിക്കുന്നത്. ഇതിനായി വിദേശത്തു നിന്ന് ആത്യാധുനിക യന്ത്രങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് ടെന്‍ഡറും ക്ഷണിച്ചു. ഉയര്‍ന്ന ഉത്പാദനമുള്ള സീസണില്‍ 1.50 ലക്ഷം ലിറ്റര്‍ പാല്‍ വരെ കേരളത്തില്‍ അധികം വരാറുണ്ട്. പ്രവാസികളുടെ മടങ്ങിവരവ് കേരളത്തിലെ പാലുത്പാദന വര്‍ദ്ധനയ്ക്ക് കാരണമായിട്ടുണ്ടെന്നാണ് മില്‍മയുടെ വിലയിരുത്തല്‍.

മില്‍മ കൂടുതല്‍ പാല്‍ സംഭരിക്കുന്നത് മലബാറിലാണ്. പ്രതിദിനം ശരാശരി 7,000,46 ലിറ്റര്‍ പാല്‍ സംഭരിക്കുമ്പോള്‍ മലബാറിലെ പ്രതിദിന വില്പന 5,24,467 ലിറ്റര്‍ മാത്രമാണ്. അധികം വരുന്ന 1,75,579 ലിറ്റര്‍ പാല്‍ ഉത്പാദനം കുറവുള്ള എറണാകുളം തിരുവനന്തപുരം മേഖലകളിലേക്കയയ്ക്കും. മലബാറില്‍ പാല്‍ സംഭരണം കൂടിയതുകൊണ്ടാണ് പാല്‍പ്പൊടി നിര്‍മ്മാണ യൂണിറ്റും ഇവിടേക്ക് മാറ്റിയത്. മാത്രവുമല്ല, തമിഴ്‌നാട്ടില്‍നിന്നുള്ള പാലും വേണമെങ്കില്‍ ഇവിടെനിന്ന് പൊടിയാക്കി നല്‍കാനാകും. ഈ ബിസിനസ് സാധ്യത കൂടി മലബാറില്‍ നിര്‍മ്മാണ യൂണിറ്റ് തുടങ്ങുന്നതിന് പിന്നിലുണ്ട്.

മില്‍മയ്ക്ക് പുന്നപ്രയില്‍ മുമ്പ് വലിയ പാല്‍പ്പൊടി പ്ലാന്റുണ്ടായിരുന്നു. പ്രവര്‍ത്തനം തുടരാന്‍ പ്രതിദിനം 50,000 ലിറ്റര്‍ പാല്‍ ലഭിക്കാതായതോടെ വര്‍ഷങ്ങളോളം പ്ലാന്റിന്റെ പ്രവര്‍ത്തനം തടസപ്പെട്ടു. ഇവിടത്തെ പഴയ യന്ത്രങ്ങള്‍ മാറിയ സാങ്കേതികവിദ്യയുടെ കാലത്ത് അപ്രസക്തമായതോടെ ഇവ ഇരുമ്പുവിലയ്ക്കു തൂക്കി വില്‍ക്കുകയായിരുന്നു. 39 രൂപ കര്‍ഷകനു പ്രതിഫലമായി നല്‍കി സംഭരിക്കുന്ന ഒരു ലിറ്റര്‍ പാല്‍ പൊടിയാക്കുമ്പോള്‍ മില്‍മയ്ക്കുണ്ടാകുന്ന നഷ്ടം 10 രൂപയാണ്. ലോക്ക് ഡൗണിനെ തുടര്‍ന്ന് പ്രതിദിനം രണ്ടര ലക്ഷം ലിറ്റര്‍ പാല്‍ വരെ പൊടിയാക്കാന്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടു പോകുന്നുണ്ട്.

Related posts

നാമമാത്ര അംഗങ്ങളില്‍നിന്ന് നിക്ഷേപം വാങ്ങുന്നത് നിയമവിരുദ്ധം; നിലപാട് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍

ബിയറിനും ബിസ്‌കറ്റിനും ഇനി കുടുംബശ്രീ നല്‍കും മധുരതുളസി

Kerala Cooperator

കൈത്തറി സ്‌കൂള്‍ യൂണിഫോം പദ്ധതിക്ക് 25 കോടി കൂടി നല്‍കി സര്‍ക്കാര്‍

Kerala Cooperator
error: Content is protected !!