Kerala Cooperator

കര്‍ഷക ക്ഷേമ നിധി ബോര്‍ഡ് അംഗത്വത്തിന് ഓണ്‍ലൈന്‍ അപേക്ഷ; പെന്‍ഷന്‍ 5,000 രൂപ

കര്‍ഷകര്‍ക്കു മാസം തോറും പെന്‍ഷന്‍ ഉറപ്പു നല്‍കുന്ന കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമെടുക്കാന്‍ ഈ മാസം 22 മുതല്‍ ഓണ്‍ലൈനിലൂടെ അപേക്ഷിക്കാം. ബോര്‍ഡിന്റെ വെബ് പോര്‍ട്ടല്‍, വെബ്‌സൈറ്റ് എന്നിവ വഴിയാണ് അപേക്ഷ നല്‍കേണ്ടത്. ഇവ സജ്ജമാക്കുന്നത് അവസാന ഘട്ടത്തിലാണ്. അന്തിമ ട്രയല്‍ റണ്‍ വൈകാതെ നടക്കും.

ആറ് പേജുള്ള അപേക്ഷയുടെ മാതൃക പോര്‍ട്ടല്‍, വെബ്‌സൈറ്റ് എന്നിവയിലുണ്ടാകും. അപേക്ഷ നല്‍കുന്നതിന് അക്ഷയ കേന്ദ്രങ്ങളിലും സൗകര്യമേര്‍പ്പെടുത്തും. അപേക്ഷയുടെ മാതൃക ഡൗണ്‍ലോഡ് ചെയ്ത ശേഷം വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യുമ്പോള്‍ താല്‍ക്കാലിക ഐ.ഡി.യും പാസ്‌വേര്‍ഡും എസ്.എം.എസ്സായി ലഭിക്കും.

അപേക്ഷയുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫിസര്‍ നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൃഷി ഓഫിസറാണ് അംഗത്വത്തിനായി ബോര്‍ഡ് ആസ്ഥാനത്തേക്ക് അന്തിമ ശുപാര്‍ശ നല്‍കുക.  എ.ടി.എം. കാര്‍ഡിന്റെ മാതൃകയിലാണ് അംഗത്വ കാര്‍ഡ്. അംശദായം അടയ്ക്കുന്നതിന് മുന്‍കാല പ്രാബല്യവും ലഭിക്കും. സി-ഡിറ്റ്, ബി.എസ്.എന്‍.എല്‍. സഹായത്തോടെയാണ് സംവിധാനം സജ്ജമാക്കുന്നത്.

2020 ഒക്ടോബര്‍ 15നാണ് ക്ഷേമനിധി ബോര്‍ഡ് നിലവില്‍ വന്നത്. ബോര്‍ഡ് അംഗങ്ങള്‍ക്ക് 60 വയസ്സിനു ശേഷം പെന്‍ഷനായി പ്രതിമാസം 5,000 രൂപ വരെ നല്‍കാനാണ് ആലോചന. 20 ലക്ഷം കര്‍ഷകര്‍ അംഗമാകുമെന്നാണു കരുതുന്നത്. 100 രൂപയാണ് പ്രതിമാസം അടക്കേണ്ടിവരുന്ന കുറഞ്ഞ അംശദായം. സര്‍ക്കാര്‍ വിഹിതമായി 250 രൂപ വരെ അടയ്ക്കും. അംശദായം എത്ര തുക വേണമെങ്കിലും അടയ്ക്കാം.

അഞ്ച് വര്‍ഷത്തില്‍ കുറയാതെ അംശദായം അടച്ചവര്‍ക്ക് 60 തികയുമ്പോള്‍ അംശദായത്തിന്റെയും വര്‍ഷത്തിന്റെയും അടിസ്ഥാനത്തിലാവും പെന്‍ഷന്‍. 25 വര്‍ഷം അംശദായം അടച്ചവര്‍ക്ക് ഒറ്റത്തവണ നിശ്ചിത തുക ലഭിക്കും. അംഗങ്ങള്‍ക്കെല്ലാം ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കും. ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വ പ്രക്രിയ പൂര്‍ണമായാല്‍, കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ ഇപ്പോള്‍ നല്‍കുന്ന പ്രതിമാസ കര്‍ഷക പെന്‍ഷന്‍ ബോര്‍ഡ് വഴിയാവും വിതരണം ചെയ്യുക.

പ്രായം 18നും 55നും മധ്യേയുള്ള, മൂന്നുവര്‍ഷത്തില്‍ കുറയാതെ കൃഷി പ്രധാന ഉപജീവനമാര്‍ഗമായി സ്വീകരിച്ച, മറ്റേതെങ്കിലും ക്ഷേമനിധിയില്‍ അംഗമല്ലാത്ത കര്‍ഷകര്‍ക്ക് ഈ ക്ഷേമനിധി ബോര്‍ഡില്‍ അംഗമാകാം. അഞ്ച് സെന്റിലേറെയും 15 ഏക്കറില്‍ താഴെയും സ്വന്തമോ, പാട്ടത്തിനെടുത്തതോ ആയ ഭൂമി ഉണ്ടായിരിക്കണം. വാര്‍ഷിക വരുമാനം 5 ലക്ഷം രൂപയില്‍ താഴെയാകണം.

Related posts

നാടൻപശു ഇനങ്ങളുടെ സംരക്ഷണത്തിനും വ്യാപനത്തിനുമായി സർക്കാർ നടപടി

Kerala Cooperator

നെല്ലിന് ജൈവകുമിൾനാശിനി പ്രോത്സാഹിപ്പിക്കാൻ നിർദേശം

Kerala Cooperator

മുറവും മുറ്റവും നിറച്ച് സര്‍ക്കാരിന്റെ കാര്‍ഷിക പദ്ധതികള്‍

Kerala Cooperator
error: Content is protected !!